ഫ്രിജിൽ ബാക്കിയിരിക്കുന്ന ഭക്ഷണം ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.. beware

 


പാകം ചെയ്ത ഭക്ഷണം ബാക്കിവന്നാൽ നേരെയെടുത്തു ഫ്രിജിൽ വയ്ക്കുകയും പിന്നീട് ആവശ്യമുള്ളപ്പോൾ പുറത്തെടുത്തു ചൂടാക്കി കഴിക്കുകയും എല്ലാ വീടുകളിലും സാധാരണമാണ്; ഇതുതന്നെയാണു ശരിയായ രീതിയും. വീണ്ടും ചൂടാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.


നന്നായി ചൂടാറിയെന്ന് ഉറപ്പാക്കിയേ ബാക്കിയായ ഭക്ഷണം ഫ്രിജിൽ വയ്ക്കാവൂ. പുറത്തെടുത്തു നന്നായി തണുപ്പു പോയശേഷമേ വീണ്ടും ചൂടാക്കാവൂ. വേവിച്ച ഭക്ഷണം ഫ്രിജിൽ നിന്നെടുത്താൽ ചൂടാക്കി മാത്രമേ ഉപയോഗിക്കാവൂ. ഫ്രിജിലിരിക്കുമ്പോൾ അതിൽ രൂപപ്പെട്ടിരിക്കാവുന്ന സൂക്ഷ്മജീവികൾ നശിക്കാനാണിത്. ഒരിക്കൽ പാകം ചെയ്തുവച്ച ഭക്ഷണം ഒരിക്കൽകൂടി മാത്രമേ ചൂടാക്കാവൂ. പലതവണ അരുത്. ആവശ്യമായ അളവിൽ മാത്രം പുറത്തെടുത്തു തണുപ്പു മാറിയ ശേഷം ചൂടാക്കുക.


രണ്ടാമതു ചൂടാക്കുന്നതു മൈക്രോവേവ് അവ്നിൽ ആകുന്നതാണ് ഏറ്റവും നല്ലത്. ഭക്ഷണം പൂർണമായി ഒരേപോലെ ചൂടായിക്കിട്ടും, കൂടുതൽ വെന്തു പോവുകയുമില്ല എന്നതാണു ഗുണം. അവ്ൻ ഇല്ലെങ്കിൽ, സ്റ്റൗവിൽ കൂടിയ തീയിൽ അടച്ചുവച്ചു വേവിക്കുക. തിളയ്ക്കണം, പക്ഷേ, കൂടുതൽ വെന്തുപോകരുത് – ഈ പാകത്തിൽ വാങ്ങിവയ്ക്കാം. 75 ഡിഗ്രി സെൽഷ്യസ് വരെയെങ്കിലും ചൂടാക്കിയാലേ ഫ്രിജിൽനിന്നെടുത്ത ഭക്ഷണത്തിൽ സൂക്ഷ്മജീവികൾ ഉണ്ടെങ്കിൽ അവ നശിക്കൂ. ഇങ്ങനെ ചൂടാക്കിയത് അധികം വൈകാതെ ഉപയോഗിക്കുക. ഒരിക്കൽകൂടി ഫ്രിജിൽ വയ്ക്കരുത്.


അതേസമയം, വീണ്ടും ചൂടാക്കിയാൽ പോഷകഗുണം നഷ്ടപ്പെടുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. കൂൺ, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഇതിൽപെടും. കഞ്ഞിവെള്ളം ഊറ്റിക്കളയുമ്പോൾ തന്നെ ഏറിയ പങ്കു പോഷകാംശവും നഷ്ടപ്പെടുന്ന ചോറ് വീണ്ടും തിളപ്പിച്ചൂറ്റിയാൽ അതിൽ ബാക്കിയെന്തുണ്ടാകും? മുട്ട ഏതു രൂപത്തിൽ പാകംചെയ്തതായാലും വീണ്ടും ചൂടാക്കരുത്.


Post a Comment

Previous Post Next Post
close
Join WhatsApp Group